നിഷേധിക്കപ്പെട്ട നീതി

0
187

ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഞാൻ ഒരു മലയാളി എന്നതിൽ വളരെയധികം അഭിമാനിച്ചിരുന്നു. ഉത്തരേന്ത്യയിൽ നിന്നും വരുന്ന പീഡന വാർത്തകൾ കേൾക്കുമ്പോൾ എന്റെ നാട്ടിൽ ഇങ്ങനെ ഒന്നും നമ്മുടെ സഹോദരിമാർക്കും അമ്മമാർക്കും വരുത്തരുതേ എന്ന് ദൈവത്തോട് പ്രാര്ഥിച്ചിട്ടുണ്ട്. പക്ഷെ കുറച്ചു ദിവസങ്ങളായി എന്റെ മനസിനെ മരവിപ്പിച്ച വാർത്തകൾ കണ്ടും കേട്ടും കഴിഞ്ഞപ്പോൾ ഞാൻ മനസിലാക്കി, രക്ത ശുദ്ധി ഇല്ലാത്ത ഒരുപറ്റം ആളുകൾ നമ്മുടെ നാട്ടിലും പ്രതികൾക്ക് വേണ്ടി ഇവിടെ വാദിക്കുന്നു എന്ന്.

“ഒരു സമൂഹത്തിന്റെ യഥാർത്ഥ സ്വഭാവം അവർ അവരുടെ കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതിലൂടെ വെളിപ്പെടുന്നു” – Nelson Mandela

നമ്മുടെ നാട്ടിൽ ഒരു പീഡന വാർത്ത വരുമ്പോൾ നമ്മൾ മലയാളികൾ ഒരുപാടു പ്രതിഷേധങ്ങൾ തുറന്നു വിടാറുണ്ട്. എന്നാൽ ഇതൊന്നും പ്രതികൾക്കോ അധികാര വർഗ്ഗങ്ങളെയോ ഒരിക്കലും ബാധിക്കുന്നില്ല എന്നതാണ് സത്യം. ഇന്ധന വില കൂടുമ്പോൾ ഹർത്താൽ നടത്തുന്നത് പോലെയാണ് ഇതും. രണ്ടു കുരുന്നു ജീവനുകളുടെ വിലയ്ക്ക് കേരളത്തിൽ ഇത്രമാത്രം വിലയെ ഉള്ളോ എന്ന് പോലും ഇരുത്തി ചിന്തിപ്പിക്കുന്നു ഈ കേസിലെ കോടതി വിധി. ഗോവിന്ദച്ചാമി കേസിൽ പ്രതി കുറ്റവാളി ആണെന്നും പുറത്തു ഇറങ്ങിയാൽ സ്ത്രീകൾക്കും കുട്ടികളുടെ ജീവനും ഭീഷണി ആകുമെന്ന് കോടതി പരാമർശിച്ചു. അങ്ങനെ ഒരു പ്രതിരോധ കാഴ്ചപ്പാടോടെ ചിന്തിക്കാവുന്ന കോടതിക്ക് ഈ കേസിലും രണ്ടു പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു കളഞ്ഞ പ്രതികളെ എന്തുകൊണ്ട് ഒന്നും നോക്കാതെ വെറുതെ വിട്ടു എന്ന് ഏതൊരു മലയാളിയും ഒരു നിമിഷം ഓർത്തുകാണും.

കേസ് അട്ടിമറിച്ചെന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും വാർത്തകൾ കണ്ടു. അമ്മയെ തല്ലിയാലും രണ്ടു പക്ഷം. രണ്ടു സഹോദരിമാരെ 52 ദിവസത്തിന്റെ വത്യാസത്തിൽ പീഡിപ്പിച്ചു കൊന്നു. പലപ്പോഴായി മക്കളെ ഉപദ്രവിക്കുന്നത് കണ്ടതായി അച്ഛനും അമ്മയും പോലീസിനോട് പറയുന്നു. പ്രതികളെ ഉടൻ തന്നെ പോലീസിന്റെ പിടിയിൽ നിന്ന് പുറത്തു ഇറക്കുന്നു. തെളിവുകളും സാക്ഷികളും ഇല്ല എന്ന് പറഞ്ഞു വെറുതെ വിടുന്നു. പിന്നെ ഇത് സംഭവിച്ചത് ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ഒരു പാവം അച്ഛന്റെയും അമ്മയുടേം കുട്ടികൾക്കാണ്. ഇത്രയും ക്രിമിനൽ സ്വഭാവമുള്ള, സമൂഹത്തിനു തന്നെ ഭീഷണി ആയിട്ടുള്ള പ്രതികൾക്ക് വേണ്ടി ഈ നാട്ടിലെ രാഷ്ട്രിയക്കാരും നീതി ന്യായ വ്യവസ്ഥയും കൂട്ടുനിന്നിട്ടുണ്ടെങ്കിൽ നമ്മുക്ക് ഉറപ്പിക്കാം, നമ്മൾ ഭയക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കാൻ. ഒരു വിപ്ലവം ഉണ്ടാകുവാനുള്ള സാധ്യത ഉരുത്തിരിഞ്ഞു വരണം.

ഒരു ഭാഗത്തു നേരിട്ട് DIG യോട് പരാതി ബോധിപ്പിക്കാൻ ചെല്ലുന്ന നടിമാർ, മറ്റൊരിടത്തു പീഡിപ്പിച്ചു കൊന്നിട്ടും പ്രതികളെ വെറുതെ വിട്ടിട്ടു നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്ന പാവപ്പെട്ടവർ. ബുദ്ധി രാക്ഷസന്മാരായ നമ്മുടെ കേരളാ പോലീസിന് ഈ കേസിൽ സാഹചര്യ തെളിവുകളും മെഡിക്കൽ എവിഡൻസും ഫിസിക്കൽ എവിഡൻസും ഹാജരാകാൻ കഴിയാതെ പോയതാണ് പ്രതികളെ വെറുതെ വിടാൻ കാരണം എന്ന് പ്രതിഭാഗം വക്കീൽ പറയുന്നു. പിന്നെ നല്ല ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കി പെൺകുട്ടികൾ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിപ്പിക്കാൻ ഒരു ശ്രമവും. ഞാൻ ഒരു പാർട്ടിയെയും ഇവിടെ കൂട്ടുപിടിക്കുന്നില്ല. കുറ്റം ചെയ്ത ഒരുവൻ ഏതു പാർട്ടിയിലെ ആയാലും ആ പാർട്ടി ഇടപെട്ടു രക്ഷിക്കാൻ നോക്കും എന്നത് സത്യം. ഈ കേസിൽ പറയുന്ന പാർട്ടി ആയാലും മറ്റേതു പാർട്ടി ആയാലും ഇത് തന്നെ ഉണ്ടാകും. സ്വന്തം വീട്ടിലെ അമ്മയ്ക്കോ പെങ്ങൾക്കോ ഇങ്ങനെ വരുമ്പോൾ മാത്രമേ ഈ പ്രതികളെ കൂട്ടുപിടിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കും അവരെ വാലാട്ടി നടക്കുന്ന ഏമാന്മാർക്കും ആ അമ്മയുടെയും അച്ഛന്റെയും മനസ്സറിയാൻ പറ്റു.

പത്രസമ്മേളനത്തിലും പൊതുവേദികളിലും പീഡനത്തിനും കൊലപാതകത്തിനും എതിരെ തുറന്നു പറഞ്ഞു കസർത്തുന്നത് കേൾക്കാം, പാർട്ടി ‘ഇരയോടൊപ്പം’ തന്നെ എന്ന്. പക്ഷെ ഒരു ചെറിയ പ്രശ്നം ഉണ്ട് , പാർട്ടിക്കാർ കേസിൽ ഉണ്ടാകാൻ പാടില്ല. ഇനി ഒരിക്കലും ഇങ്ങനെ ചെയ്യാൻ തോന്നിക്കാത്ത വിധം മാതൃകാപരമായ ഒരു ശിക്ഷ ഇതുവരെ നൽകാൻ നമ്മുടെ പരമോന്നത നീതി പീഠത്തിനോ നിയമപാലകർക്കോ സാധിച്ചിട്ടില്ല എന്നത് അപമാനകരമായ കാര്യമാണ്. ഭരിച്ചു മുടിച്ചോളൂ, പക്ഷെ കുറഞ്ഞ പക്ഷം നാട്ടിലെ അമ്മമാർക്കും സഹോദരിമാർക്കും കൊച്ചു പെൺകുട്ടികൾക്കും ഭയമില്ലാതെ ജീവിക്കാനുള്ള ഒരു സാഹചര്യം തരാനുള്ള സാമാന്യ പ്രതിബദ്ധത കാണിച്ചുകൂടെ എന്ന് എന്നെപോലെ ഏതൊരാളും ചിന്തിക്കുന്നുണ്ടാകും. ഹാഷ്ടാഗുകൾ ഇനിയും പല പേരുകളുടെ കൂടെ ഇടേണ്ടി വരാതിരിക്കണമെങ്കിൽ നമ്മൾ പ്രതികരിക്കണം, നമ്മൾക്കാകുന്ന പോലെ. നാളെ മറ്റു വാർത്തകളെയും പോലെ പത്രങ്ങളിലും ചാനലുകളിലും ഇതിന്റെ പ്രസക്തി നഷ്ടപ്പെട്ട് പോകുമ്പോൾ ഒരിക്കലും നഷ്ടപ്പെടാത്ത പ്രതീക്ഷയുമായി ഒരു അച്ഛനും അമ്മയും അങ്ങ് വാളയാറിൽ ശെൽവപുരം കോളനിയിലെ ഒറ്റ മുറി ഷെഡിൽ രണ്ടു പെണ്മക്കളുടെ ഒരിക്കലും മായാത്ത ഓർമകളുമായി ഉണ്ടാകും. അവരുടെ മുന്നിൽ ലജ്ജിച്ചു തല താഴ്ത്തി പ്രബുദ്ധ കേരളവും.

LEAVE A REPLY

Please enter your comment!
Please enter your name here