ഹേറ്റേഴ്‌സ് ഇല്ലാത്ത ചെറുക്കൻ: പജീറോ വിശേഷങ്ങൾ

0
233
Pajero sfx

സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടു എന്റെ മനസ്സിൽ കടന്നു കൂടിയ ഒരു വാഹനമേ ഒള്ളു, പജീറോ. ആ വാഹനത്തെപ്പറ്റി ആണ് ഈ ബ്ലോഗ്. എന്നെപോലെ ഈ വാഹനത്തെ സ്നേഹിക്കുന്ന ഒരുപാട് വണ്ടിപ്രാന്തന്മാർക് വായിക്കുവാനായി എന്റെ അറിവുകൾ ഞാൻ ഇവിടെ കുറിക്കുന്നു.

താടി, റെയ്ബാൻ, ബുള്ളറ്റ്- ഒരു ശരാശരി മലയാളിയുടെ ഒഴിച്ചുകൂടാനാവാത്ത സ്വപ്നം ആണ്. എന്നാൽ ഇതുകൂടാതെ ചില ആഗ്രഹങ്ങളും ഉണ്ട് ഒരു സാധാരണ വണ്ടിപ്രാന്തനും കൂടി ആയ മലയാളിക്ക്. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ ഓടാൻ സ്വന്തമായി ഒരു ഥാർ അല്ലെങ്കിൽ ഒരു പജീറോ, അതുമല്ലെങ്കിൽ ഒരു ജിപ്സി. അതെ മലയാളികൾക്ക് പജീറോ ഒരു അന്യമായ വാഹനമല്ല. പണ്ട് കണ്ണൻ ദേവൻ ചായയുടെ പരസ്യത്തിൽ ലാലേട്ടൻ തേയിലത്തോട്ടത്തിന്റെ ഇടയിലൂടെ ഓടിച്ചു കൊണ്ട് വരുന്ന വണ്ടിയിലൂടെ ആണ് മലയാളികൾക്ക് ഒരു ഫുൾ സൈസ് SUV പരിചിതമായത്. പിന്നീട് അങ്ങോട്ട് ഒരുപാടു സിനിമകളിൽ മലയാളികളുടെ മനസിലേക്ക് ഇടിച്ചു കേറി വന്ന ഒരു മോഡൽ ആണ് പജീറോ.

Pajero sfx

ജി എൽ എസ്, എസ് എഫ് എക്സ് തുടങ്ങി രണ്ടു മോഡലുകളാണ് ഏവർക്കും പ്രിയപ്പെട്ട പജീറോ പതിപ്പുകൾ. അതിൽ GLX ആയിരുന്നു ആദ്യകാലങ്ങളിൽ സിനിമകളിൽ മുഴുവൻ തിളങ്ങി നിന്ന താരം. പിന്നീട് 2008-2009 ആയപ്പോൾ SFX മോഡൽ വന്നു. വീതികൂടിയ വീൽ ആർച്, വലിപ്പം കൂടിയ റിമ്മുകൾ, ഫോഗ് ലാംപ്, ഹെഡ്‍ലൈറ്, വലുപ്പമേറിയ പജീറോ സൈഡ് സ്റ്റിക്കറുകൾ, പുതിയ റേഡിയോ ആന്റിന, പുതിയ ഫൂഡ് ബോർഡ് എന്നിവയൊക്കെ ആയിരുന്നു SFX ൻറെ പ്രേത്യേകതകൾ.

മിന്നാരം, വാഴുന്നോർ, പുതിയമുഖം, സാഗർ എലിയാസ് ജാക്കി, 5 സുന്ദരികൾ, പ്രാഞ്ചിയേട്ടൻ, ആട്, ബിഗ് ഫാദർ, ദി ഗ്രേറ്റ് ഫാദർ, ഹണിബീ, ടൈഗർ, ബിഗ് ബി, പുലിമുരുഗൻ തുടങ്ങി ഒരുപാടു സിനിമകളിൽ വില്ലന്മാരുടെയും നായകന്റെയും വാഹനമായി തിളങ്ങി നിന്നു പജീറോ. കേരളത്തിൽ ആദ്യമായി ഇമ്പോർട്ടഡ് പജീറോ കൊണ്ടുവന്നത് ലാലേട്ടൻ ആണ്. ജപ്പാൻ imported GL മോഡൽ ആയിരുന്നു ആ പജീറോ. മറ്റൊരു കാര്യം ലാലേട്ടന് പജേറോയോടുള്ള സ്നേഹം പലപ്പോഴും അദ്ദേഹത്തിന്റെ സിനിമകളിലും കാണാമായിരുന്നു ഒരു കാലത്തു. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും പജീറോ സ്ഥാനം പിടിച്ചിരുന്നു. മലയാളം ഫിലിം ഇൻഡസ്ട്രയിൽ മാത്രമല്ല, മറ്റു ഇന്ടസ്ട്രികളിലും പജീറോ ഒരു നിറസാന്നിധ്യമായി മാറിയ ഒരു സമയം ഇടയ്ക്കു ഉണ്ടായിരുന്നു. പിന്നീട് ടാറ്റ സുമോ, സ്കോർപിയോ, സഫാരി എന്നിവർക്ക് വഴിമാറി.

ഇന്നും ന്യൂജനറേഷൻ പിള്ളേർക്കും ഓൾഡ് ജനറേഷനിൽ ഉള്ളവർക്കും ഒരുപോലെ ഇഷ്ടപെട്ട ചുരുക്കം ചില വാഹനങ്ങളിൽ ഒന്നാണ് പജീറോ. ചുരുക്കിപ്പറഞ്ഞാൽ “ഹേറ്റേഴ്‌സ് ഇല്ലാത്ത ചെറുക്കൻ.” ഏതൊരാളും കണ്ടാൽ ഒന്നുകൂടി നോക്കിപോകുന്ന ഡിസൈനും കളർ ടോണും കൂടി ആകുമ്പോൾ പറയുകയും വേണ്ട. ഇപ്പോഴും പജീറോ സ്വന്തമാക്കുവാൻ ആഗ്രഹം ഉള്ള ഒരുപാടുപേരുണ്ട് എന്നുള്ളതുതന്നെ ഈ വാഹനത്തിന്റെ പ്രത്യേകത ആണ്. കാണുമ്പോൾ ഉള്ള പരുക്കൻ ഭാവവും, ഏതു മലയും കുന്നും തനിക്കു പുഷ്പം പോലെ കയറാമെന്ന പോലെ ഉള്ള 4X4 മികവും തന്നെ ആണ് ആദ്യമേ എടുത്തു പറയേണ്ട പ്രതേകതകൾ. ഒരു പക്കാ ഓഫ്‌റോഡറിന് വേണ്ട എല്ലാ സാങ്കേതിക സംവിധാനങ്ങളും പജേറോയിൽ മിത്സുബിഷി ഉൾപ്പെടുത്തിയാണ് വാഹനം നിർമ്മിച്ചിരുന്നത്. അൾട്ടിമീറ്റർ, റോൾ പിച്ച് മീറ്റർ തുടങ്ങി എബിഎസ്, എയർബാഗ്, റിയർ ക്യാമറ മുതലായവ ഉണ്ടായിരുന്നു പജേറോയിൽ. രണ്ടര ടൺ ഭാരം
വരുന്ന ഈ മുതലിനെ നിന്ന നിൽപ്പിൽ വലിച്ചു എടുത്തുകൊണ്ടു പോകാൻ കെൽപ്പുള്ള 2800 cc എൻജിൻ അതിശയിപ്പിക്കുന്ന പ്രകടനം ആണ് കാഴ്ചവെക്കുന്നത്.

സെക്കൻഡ് ഹാൻഡ് പജീറോ നിങ്ങൾ എടുക്കാൻ താൽപര്യപ്പെടുന്നു എങ്കിൽ ഒരു അംഗീകൃത മിത്സുബിഷി മെക്കാനിക്കിനെ കൊണ്ടോ ഒരു പജീറോ എക്സ്പെർട്ടിനെ കൊണ്ടോ വണ്ടി നല്ലതുപോലെ ചെക്ക് ചെയ്‌തിട്ടു മാത്രം വാഹനം എടുക്കുക. കൂടാതെ പജീറോ ഉപയോഗിക്കുന്നവരുമായി അഭിപ്രായങ്ങൾ അറിയുക. നിർഭാഗ്യവശാൽ ഇന്ന് കമ്പനി സർവീസ് ചെയ്യുന്ന വാഹങ്ങൾ കിട്ടാൻ ബുദ്ധിമുട്ടും നിർമാണം നിർത്തിയ വാഹനമായതുകൊണ്ടുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം എന്ന തിരിച്ചറിവ് ആദ്യമേ ഉണ്ടായിരിക്കണം. അതുകൊണ്ടു തന്നെ പാർട്സ് കിട്ടാനും റീപ്ലേസ് ചെയ്യാനും ഒകെ സമയം കുറച്ചു കൂടുതൽ എടുത്തേക്കാം. പക്ഷെ ഇവയെല്ലാം കൈകാര്യം ചെയ്തു ഇപ്പോഴും ഒരു പ്രശ്നവും ഇല്ലാതെ പജീറോ ഉപയോഗിക്കുന്ന ഒരുപാടു ഉടമകൾ കേരളത്തിൽ ഉണ്ട്. 6 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച പജേറോകളും കേരളത്തിൽ ഇപ്പോഴും പുതിയതുപോലെ ഓടുന്നുണ്ട് എന്നത് ഒരു സത്യമാണ്. ശരിയായ സമയത്തു ഉള്ള സർവീസിങ്, ഓയിൽ ചേഞ്ച് , പാർട്സ് റീപ്ലേസ്‌മെന്റ് ഒകെ ചെയ്തു കൊണ്ട് പോകുകയാണെങ്കിൽ ഒരു കുഴപ്പവും ഇല്ലാതെ വാഹനം കൊണ്ടുനടക്കാം എന്നർത്ഥം. അതിനുള്ള മനസും സ്നേഹവും കുറച്ചു കാശും വേണമെന്ന് മാത്രം. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു കാമുകിയെ നോക്കുന്നതുപോലെ വേണം പജേറോയെ നോക്കുവാനും സംരക്ഷിക്കുവാനും.

അവസാനമായി ഒരു കാര്യം കൂടി, പജേറോയുടെ മൈലേജിനെപ്പറ്റി ഒന്നും പറഞ്ഞില്ല. തിടമ്പേറ്റുന്ന കൊമ്പന്റെ ശാപ്പാടെന്താ എന്നാരും ചോദിക്കാറില്ലലോ.

Summary
Article Name
Pajero SFX
Description
താടി, റെയ്ബാൻ, ബുള്ളറ്റ്- ഒരു ശരാശരി മലയാളിയുടെ ഒഴിച്ചുകൂടാനാവാത്ത സ്വപ്നം ആണ്. എന്നാൽ ഇതുകൂടാതെ ചില ആഗ്രഹങ്ങളും ഉണ്ട് ഒരു സാധാരണ വണ്ടിപ്രാന്തനും കൂടി ആയ മലയാളിക്ക്. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ ഓടാൻ സ്വന്തമായി ഒരു ഥാർ അല്ലെങ്കിൽ ഒരു പജീറോ, അതുമല്ലെങ്കിൽ ഒരു ജിപ്സി.
Author

LEAVE A REPLY

Please enter your comment!
Please enter your name here