ഈറ്റ

  0
  211
  Etta Bamboo

  അന്നു ഞാനച്ഛന്‍റെ കൈപിടിച്ചങ്ങനെ
  മെല്ലവേ മുന്നേ നടന്നതോർക്കുന്നു ഞാൻ
  വ്യക്തതയില്ലെൻ ചിത്തത്തിലൊന്നുമേ
  അറിയാത്തൊരായാത്ര തുടരുന്നു പിന്നെയും

  ദൂരെയങ്ങുള്ളൊരാ മലയിടുക്കുകൾക്കുള്ളിൽ
  ഘോരവനത്തിലായ് നിൽക്കുന്ന ഈറ്റകൾ
  വെട്ടിയൊരുക്കി തലച്ചുമടായിട്ട്
  തിട്ടപ്പെടുത്തിയാ നിശ്ചിത സ്ഥാനത്ത്.

  കൊടുംകാട്ടിലുണ്ടൊരു ചെറുകുടിലതിനുള്ളിൽ
  വടിവൊത്ത മധ്യവയസ്കനങ്ങേകനായ്
  കഴിയുന്ന ഹൃദയവിശാലനാം തന്‍റെ
  കുടിലിൻ സമീപം നിരത്തിയാ ഈറ്റകൾ.

  തെല്ലൊന്നു വിശ്രമിക്കാനും, പിന്നെയാ
  നാട്ടുവിശേഷങ്ങളൊക്കവേ പങ്കിടാനും
  തള്ളി നീക്കിയാ, സന്തോഷനിമിഷങ്ങൾ
  കേട്ടു രസിച്ചു ഞാൻ അത്ഭുതം കൂറിയും.

  അമ്മതൻ കരങ്ങളാൽ നല്കിയ പാഥേയം
  മെല്ലെയഴിച്ചു കഴിക്കുന്ന നേരത്ത്
  തെല്ലൊന്നോർത്തു പോയി അമ്മതൻ വാക്കുകൾ
  “തെല്ലും മറക്കാതെ നിങ്ങൾ കഴിയ്ക്കണം”

  പോകുന്ന വഴിയിലാ വനപാലകന്‍റെ
  തുറിച്ച നോട്ടവും കടുത്ത ഭാവവും
  മാറി വരുന്നൊരാ രൌദ്ര രൂപത്തിന്‍റെ
  വേറിട്ട ഭാവവും കണ്ടു ഞാൻ സ്തംഭിച്ചു.

  പൊരുളെനിക്കറിയില്ല, പിന്നെ ഞാനറിയുന്നു
  നിയമവിരുദ്ധമാം ഈ വെട്ടുന്ന ഈറ്റകൾ
  പാസുകളില്ലാത്തൊരീ പ്രക്രിയ കാട്ടലും.
  സാഹസം തന്നെയീയച്ഛന്‍റെ ധൈര്യവും.

  ഈറ്റതൻ ഭാരവുമേറി വനപാതകൾ
  നാട്ടിലെ പാതപോലച്ഛനു ഹൃദ്യമാ-
  ണതുതെല്ലുമേ തെറ്റാതെ വീട്ടിലെത്തുമ്പോൾ എന്നും
  സന്തോഷമാണപ്പോൾ അമ്മതൻ കൺകളിൽ

  അമ്മതൻ കരങ്ങളാൽ ഈറ്റയിൽ രൂപം കൊണ്ട
  വിസ്മയ വസ്തുക്കളെൻ മുറ്റത്ത് നിരത്തി
  “ക്കെട്ടിയുറപ്പിച്ചവ ഭംഗിയായി നേരാംവണ്ണം”
  മെല്ലെയിറങ്ങി, പുനലൂർ ചന്തയാണല്ലോ ലക്ഷ്യം.

  അന്നന്നു ജീവിതം മുന്നോട്ടു താണ്ടുവാൻ
  തന്നിലെന്നും ദുരിതകയത്തിന്നാഴങ്ങളിൽ
  നിന്നൊരു മോചനം പിന്നെയും കാംക്ഷിക്കുന്നതു
  സാദ്ധ്യമാണെന്നുള്ള ശുഭാപ്തി വിശ്വാസവും

  കിട്ടുന്ന വിഹിതങ്ങൾ അന്നന്നനുഭവിച്ചൊ-
  ട്ടുമേ സന്ദേഹമില്ല, വിരക്തിയും
  നാളത്തെ കരുതലോ ആ മുറ്റത്തെ ഈറ്റയും
  തെല്ലും പരിഭവമില്ലയാ, ചിത്തത്തിലൊട്ടുമേ….

  നേരം പുലർച്ചേ വീണ്ടും അമ്മതൻ അദ്ധ്വാന-
  മായീറ്റയിൽ നീണ്ടുപോം പാതിരാവോളവും
  നേരാണിതെൻ സ്മൃതിയിലതിപ്പോഴും തെളിയുന്നു
  നേരിട്ട കാഴ്ചകളതുമധുരിയ്ക്കും ഓർമ്മയിൽ.

  ഇന്നു ഞാനത്ഭുതം കൂറുന്നതെന്തന്നാൽ
  എങ്ങനെയൊക്കെയീ മക്കൾക്കുവേണ്ടിയാ
  സംരക്ഷണത്തിന്‍റെ ഭിത്തികൾ തീർത്തൊര-
  ച്ഛനുമ്മയ്ക്കുമെൻ പ്രണാമങ്ങൾ.

  വയ്യെനിക്കോതുവാനാ ജീവിതനാളുകൾ
  വല്ലാത്തൊരാലസ്യം തോന്നുന്നതിപ്പോഴും
  എന്നാലുമിന്നു നാം ഈ സ്ഥിതിയാക്കിയതെല്ലാം
  സ്മരിച്ചു ഞാൻ നിൽക്കുന്നു ഭവ്യമായ്

  പതിവായി പോകുന്ന കാഴ്ച ഞാൻ കാണുന്നുണ്ട്
  മതിവരുവോളവും ഞങ്ങൾക്കന്നം തരുന്നതിൽ
  എത്രയോ ദിനങ്ങളീ ജീവിതയാത്രയിൽ
  നിനയ്ക്കിലെൻ ഹൃത്തിലതിപ്പോഴും മുഴങ്ങുന്നു.

  കിട്ടുന്ന വിലയ്ക്കീ കുട്ടകൾ കൊടുത്തിട്ട്
  തട്ടിയൊരുക്കൂട്ടി വാങ്ങുന്ന സാധനം
  പട്ടിണിയില്ലാതെ സന്തോഷം നയിച്ചുള്ള ജീവിതം
  എത്രയോ ധന്യം, മനസ്സിലതിപ്പോഴും സ്ഫുരിക്കുന്നു.

  വ്യത്യസ്തമായി ചിലദിവസങ്ങളിലീകുട്ടകൾ
  വസ്തുതയാണിതൊന്നുമേ വില്ക്കില്ല
  അപ്പോഴുമുണ്ടാകും അമ്മതൻ കരുതലും
  അവിടെയാണമ്മതൻ വൈഭവപ്പൊരുളുകൾ

  അമ്മട്ടിൽ ജീവിച്ചൊരാ ജീവിതമൊക്കെയും
  ഇമ്മട്ടിലായതിൻ കാരണം തേടിയാലോന്നുറപ്പാണത്
  കഷ്ടപ്പെടുന്നതിൻ ഫലസിദ്ധിയുണ്ടതിലൊട്ടുമേ
  സന്ദേഹമില്ലതൊരുനാളിലും

  വൈയെനിക്കോതുവാനീ കഴിഞ്ഞകാലത്തിലെ
  ജീവിത പ്രാരാബ്ധമെല്ലാം മെനയുവാനാ-
  കുകില്ലെങ്കിലുമോതുന്നു ഞാനഹോ-
  എന്‍റച്ഛനുമമ്മയ്ക്കും വീണ്ടും പ്രണാമങ്ങൾ

  അന്നു ഞാനച്ഛന്‍റെ കൈപിടിച്ചങ്ങനെ
  മുന്നമേ, മെല്ലെ നടന്നതോർക്കുന്നു ഞാൻ
  എപ്പോഴുമെപ്പോഴുമവരുടെ സാമീപ്യം
  എൻ കരങ്ങൾക്ക് ശക്തിയേറും ദൃഢം

  LEAVE A REPLY

  Please enter your comment!
  Please enter your name here